---
title: "ഒരിഞ്ച് കർഷക ഭൂമി പോലും പിടിച്ചെടുക്കില്ല: മന്ത്രി ഷിബു ബേബി ജോൺ"
english_title: "Not An Inch Of Farmers Land Will Be Taken Minister Shibu Baby John Assures Farmers"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/382838/not-an-inch-farmers-land-will-be-taken-minister-shibu-baby-john-15092026`"
published_at: "2026-09-16T05:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa9d6248a584_1000293417.jpg"
keywords: ["Thiruvananthapuram", "Shibubabyjohon", "Farmer"]
---

# ഒരിഞ്ച് കർഷക ഭൂമി പോലും പിടിച്ചെടുക്കില്ല: മന്ത്രി ഷിബു ബേബി ജോൺ

> **Lead Summary:** **തിരുവനന്തപുരം**: വനം വകുപ്പിന്റെ പ്രവർത്തനങ്ങളിൽ കാലാനുസൃതമായ മാറ്റങ്ങൾക്ക് ഗവൺമെന്റ് പ്രതിജ്ഞാബദ്ധമാണെന്നും കർഷകന്റെ ഒരിഞ്ച് ഭൂമിയും ഒരു നിയമത്തിന്റെ കീഴിലും പിടിച്ചെടുക്കില്ലെന്നും കർഷകർക്ക് അതുസംബന്ധിച്ച് യാതൊരു ആശങ്കയും വേണ്ടെന്നും വനം വകുപ്പ് മന്ത്രി ഷിബു ബേബി ജോൺ പറഞ്ഞു. കേരളത്തിൽ ഇപ്പോഴുള്ള കർഷക ഭൂമി കർഷക ഭൂമിയായും വനഭൂമി വനഭൂമിയായും നിലനിർത്തുമെന്നും അദ്ദേഹം പറഞ്ഞു.

## Article Content

**തിരുവനന്തപുരം**: വനം വകുപ്പിന്റെ പ്രവർത്തനങ്ങളിൽ കാലാനുസൃതമായ മാറ്റങ്ങൾക്ക് ഗവൺമെന്റ് പ്രതിജ്ഞാബദ്ധമാണെന്നും കർഷകന്റെ ഒരിഞ്ച് ഭൂമിയും ഒരു നിയമത്തിന്റെ കീഴിലും പിടിച്ചെടുക്കില്ലെന്നും കർഷകർക്ക് അതുസംബന്ധിച്ച് യാതൊരു ആശങ്കയും വേണ്ടെന്നും വനം വകുപ്പ് മന്ത്രി ഷിബു ബേബി ജോൺ പറഞ്ഞു. കേരളത്തിൽ ഇപ്പോഴുള്ള കർഷക ഭൂമി കർഷക ഭൂമിയായും വനഭൂമി വനഭൂമിയായും നിലനിർത്തുമെന്നും അദ്ദേഹം പറഞ്ഞു.

വനം വകുപ്പുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ സ്വീകരിക്കുവാൻ വിളിച്ചു ചേർത്ത കർഷക സംഘടനാ നേതാക്കളുടെ യോഗം സെക്രട്ടറിയേറ്റിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യു ഡി എഫ് ഗവൺമെന്റ് ജനകീയ താൽപര്യങ്ങൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നു എന്നതുകൊണ്ടാണ് നാലുമാസത്തിനിടയിൽ തന്നെ രണ്ടാമതും കർഷക സംഘടനകളുടെ നേതാക്കളുടെ യോഗം വിളിച്ചു ചേർത്ത് അഭിപ്രായങ്ങൾ തേടുന്നതെന്നും അദ്ദേഹം യോഗത്തെ അറിയിച്ചു.

കഴിഞ്ഞ യോഗത്തിൽ നേതാക്കൾ നൽകിയ നിർദ്ദേശങ്ങൾ ഒരു പരിധി വരെ നടപ്പാക്കാൻ ഗവൺമെന്റിന് കഴിഞ്ഞുവെന്ന് ഉദാഹരണസഹിതം മന്ത്രി ചൂണ്ടിക്കാട്ടി. ഇ എഫ് എൽ നിയമത്തിന്റെ സെക്ഷൻ 3 അനുസരിച്ച് നഷ്ടപരിഹാരം നൽകാതെ ഒരു സെന്റ് ഭൂമി പോലും സംസ്ഥാന ഗവൺമെന്റ് ഭാവിയിൽ ഏറ്റെടുക്കില്ല,

കർഷകർക്ക് തോക്കുകൾക്ക് ലൈസൻസ് നൽകുന്ന കാര്യത്തിൽ വനം വകുപ്പ് ഉദാരമായ സമീപനം സ്വീകരിക്കുമെന്നും അദ്ദേഹം യോഗത്തിൽ ഉറപ്പു നൽകി. വന്യമൃഗങ്ങളിൽ നിന്ന് മനുഷ്യനെയും കൃഷിയും സംരക്ഷിക്കുവാൻ, വനം വകുപ്പ് റവന്യൂ, പഞ്ചായത്ത് വകുപ്പുകളുമായി ചേർന്ന് പങ്കാളിത്ത പ്രതിരോധം സ്വീകരിക്കുമെന്നും വനാതിർത്തിയിൽ പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഗവൺമെന്റ് വലിയ തുക വകയിരുത്തിയിട്ടുണ്ടെന്നും ശരിയായ രീതിയിൽ പോളിസി നടപ്പാക്കുമെന്നും അദ്ദേഹം യോഗത്തിന് ഉറപ്പ് നൽകി.

വന്യജീവി ആക്രമണങ്ങളിൽ മരണപ്പെടുന്നവർക്കും നഷ്ടം സംഭവിക്കുന്നവർക്കും നൽകുന്ന നഷ്ടപരിഹാര തുക കാലാനുസൃതമായി വർദ്ധിപ്പിക്കുമെന്നും, എല്ലാ വിളകളും വിള ഇൻഷുറൻസിന്റെ പരിധിയിൽ കൊണ്ടുവരുമെന്നും കേന്ദ്ര-സംസ്ഥാന ഗവൺമെന്റുകൾ കൂട്ടായി ഇൻഷുറൻസ് തുക നൽകുമെന്നും മന്ത്രി ഉറപ്പു നൽകി.

വനാതിർത്തിയിലുള്ളവർക്ക് വരുമാനം ലഭിക്കുക എന്ന ലക്ഷ്യത്തോടെ ഫാം ടൂറിസം മാതൃകയിൽ ടൂറിസം വികസിപ്പിക്കാൻ അവരെ സഹായിക്കുമെന്നും ആയതിന്റെ പദ്ധതി തയ്യാറായി വരുന്നതായും തൊഴിൽ നൽകുക എന്ന ലക്ഷ്യം കൂടി ഇതിന്റെ പിന്നിലുണ്ടെന്നും മന്ത്രി പറഞ്ഞു. വന്യമൃഗ ആക്രമണങ്ങളിൽ നിന്ന് കർഷകരെയും കൃഷിയും രക്ഷിക്കുവാൻ ഡ്രോൺ സ്ക്വാഡ് ഉണ്ടാക്കുമെന്നും അദ്ദേഹം കർഷക നേതാക്കൾക്ക് ഉറപ്പുനൽകി.

കേരളത്തിലെ വിവിധ കർഷക സംഘടനാ നേതാക്കളും വനം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/382838/not-an-inch-farmers-land-will-be-taken-minister-shibu-baby-john-15092026`)